എന്റെ മസാല ദോശ പ്രണയത്തെ പറ്റി പറയണമെങ്കില്‍ ആദ്യം എന്നെ പറ്റി പറയണം. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൊച്ചു ഗ്രാമത്തില്‍ ആണ്, കൊച്ചു ഗ്രാമം എന്ന് പറഞ്ഞാല്‍ ഒരു മസാല ദോശ കിട്ടണമെങ്കില്‍ മൂന്നു കിലോമീറ്റര്‍ യാത്ര ചെയ്യണം, അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ എത്ര ചെറുതാണെന്ന്.
എന്റെ കുട്ടിക്കാലം മുതല്‍ മസാല ദോശ എന്റെ ഒരു വീക്നെസ് ആയിരുന്നു. ഉപ്പയുടെ വീടും ഉമ്മയുടെ വീടും തമ്മില്‍ നാല് കിലോമീറ്റര്‍ ദൂരമേ ഉള്ളൂ, ഇത് ഇപ്പോള്‍ ഇവിടെ പറയാന്‍ കാരണം എനിക്ക് മസാല ദോശ കിട്ടിക്കൊണ്ടിരുന്നത് ഉമ്മയുടെ വീട്ടില്‍ പോകുന്ന സമയങ്ങളില്‍ ആണ്, ഉമ്മയുടെ വീട്ടില്‍ നിന്നും അല്ല കേട്ടോ, അല്ലെങ്കിലും വീട്ടില്‍ നിന്നും ഉണ്ടാക്കുന്നതിനു ഹോട്ടലില്‍ നിന്നും കഴിക്കുന്ന ദോശയുടെ അത്രയും രുചി കിട്ടാറില്ല. ഉമ്മയുടെ വീട്ടിലേക്ക് പോകുന്നതിനിടയ്ക്ക് നടുവണ്ണൂര്‍ എന്ന ഒരു കൊച്ചു ടൌണ്‍ ഉണ്ട് അവിടെ എത്തിയാല്‍ ഉപ്പ ചോദിക്കും "നമുക്ക് എന്തെങ്കിലും കഴിക്കാം അല്ലെ" എന്ന് , അത് കേള്‍ക്കേണ്ട താമസം അപ്പോഴേക്കും ഞാന്‍ വീനസ് ഹോട്ടലില്‍ എത്തിയിട്ടുണ്ടാവും, മെനു ഒന്നും കൊണ്ട് വരേണ്ട ആവശ്യം എനിക്കുണ്ടാവാറില്ല. പലപ്പോഴും അത് അറിയാവുന്നത് കൊണ്ടാണോ ഉപ്പ അവിടെ എത്തുമ്പോള്‍ നമുക്ക് എന്തെങ്കിലും കഴിക്കാം എന്ന് പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. ഇത് മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ഉള്ളൂ കേട്ടോ.
അവിടന്ന് പിന്നെ ഒരു കിലോമീറ്റര്‍ ഉണ്ട് ഉമ്മയുടെ വീട്ടിലെത്താന്‍, സത്യം പറഞ്ഞാല്‍ അവിടെ പോകുക എന്നത് പലപ്പോഴും എന്റെ ലക്ഷ്യമേ അല്ലായിരുന്നു. അവിടെ എത്തിയാലും പിന്നെ പ്രത്യേകിച്ച് ഒന്നും കഴിക്കുവാനുള്ള വിശപ്പ് കാണില്ലായിരുന്നു. പലപ്പോഴും ഞങ്ങള്‍ ആ ഹോട്ടലില്‍ കയറുമ്പോള്‍ ഞങ്ങളുടെ ഒരു അയല്‍വാസി ആയ ഒരു അമ്മയും രണ്ടു ആണ്‍ മക്കളും അവിടെ ഉണ്ടാകുമായിരുന്നു, കാരണം എന്താണെന്നോ അവരുടെ വീട്ടില്‍ നിന്നും നോണ്‍ വെജ് ഫുഡ് ഒന്നും കഴിക്കുന്നത് അവരുടെ മുത്തശ്ശിയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നാല്‍ അവര്‍ രണ്ടു പേര്‍ക്കും നോണ്‍ വെജ് വലിയ ഇഷ്ടവും ആയിരുന്നു, മുത്തശ്ശി അറിയാതെ വാങ്ങി കൊടുക്കാന്‍ കൊണ്ട് വരുന്നതായിരുന്നു അവരെ , ആ അമ്മയും നോണ്‍ കഴിക്കാറില്ല.
അതുവരെ ഞാന്‍ കഴിച്ചതില്‍ വെച്ച് നല്ല മസാല ദോശ ആയിരുന്നു വീനസിലേത്. ശ്ശോ !!! അതിനിടക്ക് പറയാതിരിക്കാന്‍ വയ്യ, ബാലുശ്ശേരിയില്‍ റിജന്‍സി ഹോട്ടലില്‍ നിന്നും രണ്ടു തവണ കഴിച്ചിരുന്നു, ദൈവമേ കുറച്ചു തവണ കൂടെ അവിടെ നിന്നും കഴിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ ലോകത്ത് ഏറ്റവും വെറുക്കുന്ന ആഹാരമായേനെ മസാല ദോശ.
ശരിക്കും പറഞ്ഞാല്‍ പ്ലസ് ടു കയിഞ്ഞ ശേഷമാണ് ഞാന്‍ കോഴിക്കോട് സിറ്റിയില്‍ കൂടുതലായി പോയി തുടങ്ങിയത്, അതിനു മുന്പ് വിരലില്‍ എണ്ണാവുന്നത്രയും തവണയെ പോയിട്ടുള്ളൂ. ഡിഗ്രി ദേവഗിരിയില്‍ ആയിരുന്നു, അപ്പോള്‍ മസാല ദോശയെ പ്രണയിക്കാന്‍ അധികം സമയം കിട്ടിയില്ല എന്ന് വേണമെങ്കില്‍ പറയാം, ദിവസേന വീട്ടില്‍ നിന്നും കോളേജിലേക്ക് പത്തുനാല്‍പതു കിലോമീറ്റര്‍ അങ്ങോട്ടും പിന്നെ തിരിച്ചും യാത്ര ചെയ്തു കഴിഞ്ഞാല്‍ പിന്നെ എവിടെ സമയം കാണാന്‍, എന്നാലും ഇടയ്ക്കിടെ കിട്ടുന്ന സമരങ്ങള്‍ ആയിരുന്നു ഏക ആശ്വാസം, അപ്പോള്‍ വിടും ശരവണ ഭവനിലേക്ക് . ഡിഗ്രി കഴിഞ്ഞു പിന്നെ വെര്‍ട്ടെക്സില്‍ വര്‍ക്ക് ചെയ്തോണ്ടിരിക്കുമ്പൊഴും ഇടയ്ക്കിടെ എന്റെ ലഞ്ച് ബാലുശ്ശേരി ഗ്രീന്‍ലാന്‍ഡ് ഹോട്ടലിലെ മസാല ദോശ തന്നെ ആയിരുന്നു.
എന്റെ ജീവിതത്തിലെ ഏറ്റവും രുചിയുള്ള മസാല ദോശ കഴിച്ചത് കല്‍പ്പറ്റയില്‍ നിന്നും ആണ്. അന്ന് ഞാന്‍ പി.എസ്.സി യുടെ എല്‍ ഡി സി പരീക്ഷ എഴുതാന്‍ വേണ്ടി പോയതായിരുന്നു, കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷിച്ച എനിക്ക് സെന്റര്‍ കിട്ടിയത് സുല്‍ത്താന്‍ ബത്തേരിയില്‍. ഏതായാലും നന്നായി എന്നെ സംബന്ധിച്ച് വയനാട് എന്നും ഒരു പാഷന്‍ ആയിരുന്നു . പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ ആണ് കഴിക്കാന്‍ കയറിയത്, മറ്റു പല സെന്ററുകളില്‍ നിന്നും പരീക്ഷ കഴിഞ്ഞു എന്റെ കൂട്ടുകാരും കല്പറ്റയില്‍ എത്തിയിരുന്നു . ഞങ്ങള്‍ എല്ലാരും കൂടെ ഒരു ഹോട്ടലില്‍ കയറി ( അതിന്റെ പേര് മറന്നു പോയി, പക്ഷെ ബസിനു കാത്തു നിന്നതിനു തൊട്ടു പിറകില്‍ റോട്ടില്‍ നിന്നും സ്റ്റെപ് ഇറങ്ങിയിട്ട് വേണം ആ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ എത്താന്‍ ). അവിടന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴും ആര്‍ക്കും ഡിസ്കസ് ചെയ്യാനൊന്നും ഇല്ലായിരുന്നു . എല്ലാരും മസാല ദോശ ഓര്‍ഡര്‍ ചെയ്തു. രുചി കാരണം എല്ലാവരും വീണ്ടും ഓരോന്ന് കൂടെ വാങ്ങി. എല്ലാവര്‍ക്കും വീണ്ടും കിട്ടിയാലും കഴിക്കാം എന്നവിധത്തില്‍ ആയിരുന്നു, പക്ഷെ അന്ന് ഞങ്ങളുടെ ഒക്കെ പോക്കറ്റ് അതിനു അനുവദിച്ചില്ല.
യഥാര്‍ത്ഥത്തില്‍ എന്റെ മസാല ദോശ പ്രണയത്തിന്റെ സുവര്‍ണ കാലം തുടങ്ങിയത് തിരുവനന്തപുരം എത്തിയ ശേഷം ആയിരുന്നു. മലബാറില്‍ വെജ് ഹോട്ടല്‍ തെക്കന്‍ കേരളത്തിലേതിനേക്കാള്‍ കുറവാണ്. ടെക്നോപാര്‍കില്‍ ജോലിയില്‍ കയറിയത് മുതല്‍ ഒരു വര്‍ഷവും മൂന്നു മാസവും ഞാന്‍ കഴക്കൂട്ടം ഗീതാഞ്ജലി ഹോട്ടലിലെ ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നു. ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് മസാല ദോശയെങ്കിലും കഴിക്കും , അല്ലാത്ത ദിവസങ്ങളില്‍ ചില്ലി പൊറോട്ട, ചെന്ന ബട്ടൂര അങ്ങിനെ വല്ലതും കഴിക്കും. ഗീതാഞ്ജലി കൂടാതെ കഴക്കൂട്ടത്തും പാളയത്തും സ്റ്റാച്യുവിലും ഉള്ള പല വെജ് ഹോട്ടലില്‍ നിന്നും മാറി മാറി കഴിച്ചിട്ടുണ്ട്.
വീണ്ടും ഐസറില്‍ എത്തിയപ്പോള്‍ കൂട്ടിനു കുറച്ചു പേര്‍ ഉണ്ടായിരുന്നു. മനോജും ഷിജുവും , ബെന്നിയും പിന്നെ ഞാനും പലപ്പോഴും രാത്രിയിലെ ഭക്ഷണം ശ്രീകാര്യത്തെ ആര്യാസില്‍ നിന്നോ ആനന്ദില്‍ നിന്നോ ആയിരുന്നു കഴിക്കുന്നത്. വിഭവം ഏതെന്നു പ്രത്യേകിച്ച് പറയേണ്ടുന്ന ആവശ്യം ഇല്ലല്ലോ. അലക്സ് ആണ് സെക്രട്ടേറിയറ്റിനു മുന്‍പിലുള്ള വെജ് ഹോട്ടല്‍ പരിചയപ്പെടുത്തി തന്നത്, അവിടത്തെയും ദോശ കൊള്ളാമായിരുന്നു പക്ഷെ അവിടെ നിന്നും കൂടുതലും കഴിച്ചത് അവിടത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍ ആയിരുന്നു .
എന്നാല്‍ ഇതിലെല്ലാം രസം ഐസറില്‍ എല്ലാ വ്യാഴവും രാത്രി മസാല ദോശ ആയിരുന്നു എന്നതാണ്. അതും ഇരുപതു രൂപയ്ക്ക് എത്രയും കഴിക്കാം. അവിടന്ന് ആദ്യമാദ്യം മൂന്നെണ്ണമായിരുന്നു എന്റെ കപാസിറ്റി, അവിടെ നിന്നും പതിനൊന്നെണ്ണം ഒക്കെ കഴിക്കുന്നവര്‍ ഉണ്ട് എന്നത് കൂടെ ചിന്തിക്കുമ്പോള്‍ ആണ് എന്റെ മൂന്നു എത്ര കുറവാണ് എന്ന് മനസ്സിലാവുക, പതിനൊന്നെണ്ണം എന്നൊക്കെ കേട്ടിട്ടു ചെറിയ ദോശ ആണെന്നൊന്നും കരുതരുതേ ഇത് നല്ല വലുത് തന്നെയാ, അത്യാവശ്യം നല്ല ടേസ്റ്റും ഉണ്ട്. ഇരുപതു രൂപയ്ക്കു ഇത്രയൊക്കെ തന്നാല്‍......... !!! എന്നിട്ടും മൂന്നു നാല് വര്‍ഷം അവര്‍ ആ മെസ്സ് നടത്തിയല്ലോ !! . ഞാനും പതിയെ എന്റെ കപാസിറ്റി മെച്ചപ്പെടുത്തി എഴില്‍ എത്തിച്ചു, പക്ഷെ ഇന്നും എനിക്ക് അത്ഭുതമാണ് അത് ആലോചിക്കുമ്പോള്‍. ദൈവമേ ഞാനും ഏഴു ഒക്കെ...
എന്നാല്‍ ഇതിലെല്ലാം രസം ഐസറില്‍ എല്ലാ വ്യാഴവും രാത്രി മസാല ദോശ ആയിരുന്നു എന്നതാണ്. അതും ഇരുപതു രൂപയ്ക്ക് എത്രയും കഴിക്കാം. അവിടന്ന് ആദ്യമാദ്യം മൂന്നെണ്ണമായിരുന്നു എന്റെ കപാസിറ്റി, അവിടെ നിന്നും പതിനൊന്നെണ്ണം ഒക്കെ കഴിക്കുന്നവര്‍ ഉണ്ട് എന്നത് കൂടെ ചിന്തിക്കുമ്പോള്‍ ആണ് എന്റെ മൂന്നു എത്ര കുറവാണ് എന്ന് മനസ്സിലാവുക, പതിനൊന്നെണ്ണം എന്നൊക്കെ കേട്ടിട്ടു ചെറിയ ദോശ ആണെന്നൊന്നും കരുതരുതേ ഇത് നല്ല വലുത് തന്നെയാ, അത്യാവശ്യം നല്ല ടേസ്റ്റും ഉണ്ട്. ഇരുപതു രൂപയ്ക്കു ഇത്രയൊക്കെ തന്നാല്‍......... !!! എന്നിട്ടും മൂന്നു നാല് വര്‍ഷം അവര്‍ ആ മെസ്സ് നടത്തിയല്ലോ !! . ഞാനും പതിയെ എന്റെ കപാസിറ്റി മെച്ചപ്പെടുത്തി എഴില്‍ എത്തിച്ചു, പക്ഷെ ഇന്നും എനിക്ക് അത്ഭുതമാണ് അത് ആലോചിക്കുമ്പോള്‍. ദൈവമേ ഞാനും ഏഴു ഒക്കെ...
ഇങ്ങനെ കഴിച്ചത് കൊണ്ടാവും ദൈവം എനിക്കിട്ടു പണി തന്നു. എന്നെ മൊഹാലിയിലേക്ക് നാടുകടത്തി. ദൈവമേ ഇവിടെ വന്ന ശേഷം പിന്നെ അന്വേഷണം ആയിരുന്നു, അതിനിടക്ക് എരി തീയില്‍ എണ്ണ പകരുന്ന രീതിയില്‍ ആയിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക് വാള്‍പോസ്റ്റ്, അതും ഒന്നല്ല മൂന്നു മസാല ദോശ...!!! ദൈവമേ !! അത് അന്വേഷണത്തിന്റെ ആക്കം കൂട്ടി, ഒടുവില്‍ ഞാന്‍ കണ്ടെത്തി പക്ഷെ ഞാന്‍ തിരുവനന്തപുരം ഉണ്ടായിരുന്നപ്പോള്‍ കഴിച്ചപോലെ ആണെങ്കില്‍ എന്റെ ശമ്പളം തികയില്ലായിരുന്നു. ഒരു മസാല ദോശ നൂറ്റിമുപ്പത്തിയഞ്ചു രൂപ, രണ്ടു മൂന്നു കടയില്‍ പോയി അവിടെ എല്ലാം സ്ഥിതി കണക്കായിരുന്നു. ദോശയുടെ കാശുകൂടാതെ യാത്രയ്ക്കായി ചുരുങ്ങിയത് അറുപത് അറുപത്തിയഞ്ചു രൂപ ആകും, ചുരുക്കി പറഞ്ഞാല്‍ ഒരു ദോശ കഴിക്കാന്‍ ഇരുന്നൂറു രൂപ. ഇരുപതു രൂപയ് ക്ക് ഏഴെണ്ണം കഴിച്ച ഞാന്‍ ഇരുന്നൂറു രൂപയ്ക്ക് ഒന്ന് കഴിക്കേണ്ടി വരുന്ന അവസ്ഥ .. ഹാ കഷ്ടം എന്നല്ലാതെ എന്ത് പറയാന്‍.
പിന്നീട് ഇവിടെ ഉള്ള മലയാളി പിള്ളേരുടെ സഹായത്താല്‍ മസാല ദോശ കിട്ടുന്ന തട്ട്കടകള്‍ ഒന്ന് രണ്ടെണ്ണം കണ്ടെത്തി, വില മുപ്പത്-നാല്പതില്‍ ഒതുക്കാം എന്നാലും യാത്രക്ക് ഒരു മുപ്പതു വേറെയും, അത്രകണ്ട് രുചിയും ഇല്ലായിരുന്നു എന്നാലും അഡ്ജസ്റ്റ് ചെയ്തു. അങ്ങിനെയിരിക്കുമ്പോള്‍ ആണ് എനിക്ക് നടന്നു പോകാവുന്ന ദൂരത്ത്, അതും ഇരുപത് രൂപയ്ക്ക് അത്യാവശ്യം നല്ല രുചി ഉള്ള മസാല ദോശ കിട്ടുന്ന തട്ട് കട കണ്ടെത്താന്‍ സാധിച്ചത് . ദൈവമേ , ആര്‍കിമിഡീസ് യുറേക്കാ എന്നും പറഞ്ഞു ഓടിയ പോലെ ആയിരുന്നു എന്റെ അവസ്ഥ. അവിടെ നിന്നും ഉള്ള കഴിക്കല്‍ ഇന്നും നിര്‍ബാധം തുടരുന്നു, ആഴ്ചയില്‍ ഒന്നിലേക്ക് ഒതുക്കി എന്ന് മാത്രം.
എന്നെ ഇത്രയതികം സ്വാധീനിച്ച ഒരു വിഭവം വേറെ ഇല്ല, സബ് വെയിലെ സാന്‍വിച് ഹാ അതും ഒരു പാഷന്‍ ആണ് എന്നാലും മസാല ദോശയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ഒന്നുമല്ല. ഒരു കാര്യത്തില്‍ നല്ല സന്തോഷമുണ്ട് നമ്മള്‍ ജീവിതകാലത്ത് കഴിചിരിക്കേണ്ട ലോകത്തിലെ ഏറ്റവും നല്ല അമ്പതു വിഭവങ്ങളില്‍ നമ്മുടെ മസാല ദോശയും ഉള്‍പ്പെട്ടല്ലോ.
