Wednesday 17 April 2013

മതമില്ലാത്ത ആഹാരം

ഓരോ യാത്രയിലും മനസ്സിനെ സന്തോഷിപ്പിക്കുന്ന കാര്യങ്ങൾക്കൊപ്പം വേദനിപ്പിക്കുന്ന കാര്യങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. സാധാരണ വേദനിപ്പിക്കുന്ന കാര്യങ്ങൾ മറക്കാൻ പാകത്തിൽ വല്ലതും കിട്ടാറുണ്ട് എന്നതാണ് സത്യം. പക്ഷെ അതിനൊരു അപവാദമായിരുന്നു ഈ കഴിഞ്ഞ ജനുവരി ആദ്യം ഉള്ള ഡൽഹി യാത്ര.

ഒരു പരീക്ഷ എഴുതാൻ വേണ്ടി ആയിരുന്നു യാത്ര. പോകുമ്പോൾ ഉള്ള പദ്ധതികൾ എല്ലാം അവിടെ എത്തിയപ്പോൾ മാറി. സാധാരയായി ഡൽഹിയിൽ പോയാൽ  താമസിക്കാറുള്ള കൂട്ടുകാരുടെ അടുത്തല്ലായിരുന്നു താമസം. മറ്റൊന്നും കൊണ്ടായിരുന്നില്ല പരീക്ഷ സെന്റെറിന്റെ വളരെ അടുത്തായിരുന്നു നാട്ടിൽ നിന്നും ഉള്ള ഷൈജു ഏട്ടൻ താമസിച്ചിരുന്നത്.  സെന്റെറിനെ പറ്റി അറിഞ്ഞപ്പോൾ അവിടെ താമസിച്ചാൽ മതിയെന്ന് ഷൈജു ഏട്ടൻ പറഞ്ഞു.

പിറ്റേ ദിവസം പരീക്ഷ ഒക്കെ കഴിഞ്ഞു തിരികെ മൊഹാലിക്കുള്ള ട്രെയിൻ രാത്രി ഒന്പതരയ്ക്ക് ഓൾഡ്‌ ഡൽഹിയിൽ നിന്നായിരുന്നു. പരീക്ഷ സെന്റർ ആയിരുന്ന മോഡൽ ടൌണിൽ നിന്നും മെട്രോ കയറി വിശ്വവിദ്യാലയയിൽ ഇറങ്ങി ഷൈജു ഏട്ടന്റെ വീട്ടിൽ പോയി ബാഗ്‌ എല്ലാം എടുത്ത്‌ പിന്നെ പോയത് ഐ.ൻ.എ മാർക്കറ്റിലേക്കാണ്, അതും മെട്രോയിൽ, മെട്രോ സൗകര്യം ഉള്ളതുകൊണ്ട് ഡൽഹിയിലെ യാത്ര ഒരു പരിധി വരെ നല്ല സുഖമാണ്, ഭാഷ അറിയില്ലെങ്കിലും പോകാം. കൊള്ളക്കാരേക്കാൾ കഷ്ടമായ അവിടത്തെ ഓട്ടോക്കാരുടെ കയ്യിൽ പെടാതെ രക്ഷപ്പെടുകയും ചെയ്യാം. ഐ.ൻ.എ മാർക്കറ്റിൽ പോയത് മറ്റൊന്നിനും അല്ല നമ്മുടെ നാടൻ ഫുഡിനു വേണ്ടി മാത്രം. ഐ.ൻ.എ മാർക്കറ്റിൽ എത്തിയാൽ കേരളത്തിലെ ഏതോ മാർക്കറ്റിൽ എത്തിയ പോലെയേ തോന്നുള്ളൂ, അത്രയ്ക്കും മലയാളികൾ ആണ് അവിടെ. രണ്ടു മലയാളി ഹോട്ടലും ഉണ്ട് . അവിടത്തെ ഫുഡിനു ശേഷം വീണ്ടും മെട്രോയിൽ ചാന്ദ്നി ചൌക്ക് വരെ, അതിനു തൊട്ടു ആണ് ഓൾഡ്‌ ഡൽഹി റെയിൽവേ സ്റ്റേഷൻ.

എല്ലാം കഴിഞ്ഞു ഒരു ഏഴിനു തന്നെ അവിടെ എത്തി. പിന്നെ കുറച്ചൊക്കെ അവിടെ കറങ്ങിയേച്ചും കയറിയാൽ മതി റെയിൽവേ സ്റ്റേഷനിൽ എന്ന് കരുതി . അങ്ങിനെ ആ തെരുവിലൂടെ കുറച്ചു നേരം ലക്ഷ്യമില്ലാതെ നടന്നു. സ്വതവേ രാത്രിയിലുള്ള യാത്ര ഒഴിവാക്കാൻ വേണ്ടിയാണ് എല്ലാരും ഉപദേശിക്കാറുള്ളത്, ഞാൻ എന്തോ അതൊന്നും നോക്കാതെ നടന്നു. നടക്കുന്നതിനിടയിൽ നല്ല ഒരു അടി നടക്കുന്നുണ്ടായിരുന്നു രണ്ടു പേര് തമ്മിൽ, ഇരുമ്പ് കസേര ഒക്കെ എടുത്ത് അടിക്കുന്നു, രണ്ടു പേരും നന്നായി രക്തത്തിൽ കുളിച്ചിട്ടുണ്ട്, എല്ലാരും കാണികളായി നോക്കി നില്ക്കുന്നു, പിടിച്ചു മാറ്റാൻ ഒന്നും ആരും ശ്രമിക്കുന്നില്ല. അവർ മടുക്കുമ്പോൾ നിർത്തിക്കോളും എന്ന രീതിയിലുള്ള നിൽപായിരുന്നു എല്ലാരും. ഞാൻ വീണ്ടും നടന്നു ഹാൽഡിരാമിൽ കയറി ഭകർവാടിയും ഒരു കജോരിയും വാങ്ങി പിന്നെ തിരിച്ചു നടന്നു.

തിരിച്ചു വരുമ്പോൾ അറിയാതെ കുറെ ഹോട്ടലുകൾ ഉള്ള ഒരു സ്ഥലത്ത് എത്തി, റെയിൽവേ സ്റ്റേഷന് വളരെ അടുത്ത്. എന്തോ അവിടെ എത്തിയപ്പോൾ എനിക്ക് തോന്നി വേണ്ടായിരുന്നു ഏഴിന് തന്നെ റെയിൽവേ സ്റ്റേഷനിൽ കയറിയാൽ മതിയായിരുന്നു എന്ന്. അത്രയ്ക്കും വൃത്തികെട്ട സ്ഥലം, പുറമേ ഉള്ള അഴുക്കുകൾ മാത്രമല്ല, മനസ്സും മുഴുവനായി അഴുക്കുപിടിച്ചു കുറെ പേര് നടത്തുന്ന ഹോട്ടലുകൾ. തൊട്ടു തൊട്ടു ഉള്ള കുറെ റൂമുകൾ ഹോട്ടലുകൾ ആണ്. ഹോട്ടലിന്റെ എല്ലാം മുന്നിൽ ബോർഡ് തൂങ്ങി കിടക്കുന്നു ഹിന്ദു ഖാന, മുസ്ലിം ഖാന, മതമുള്ള ആഹാരങ്ങൾ വില്ക്കുന്ന സ്ഥലം !! വ്യത്യസ്ത മതത്തിലുള്ള ആഹാരത്തിനെ നമ്മൾ എങ്ങിനെ ആണാവോ തിരിച്ചറിയുന്നത്. ഹിന്ദു ഹോട്ടൽ ആണെങ്കിൽ ചുമർ നിറയെ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ, മുസ്ലിം ഹോട്ടലിൽ മക്ക, മദീന പള്ളിയുടെ പടങ്ങളും ഖുറാൻ സൂറത്തിന്റെ പടങ്ങളും, എന്തായാലും ഇനി ഒന്നും വെക്കാൻ സ്ഥലമില്ലാത്ത അത്രയും നിറച്ചിട്ടുണ്ട് പടങ്ങൾ. ചുമരിൽ മാത്രമേ ഉള്ളു, അവരുടെ ഒന്നും മനസ്സിൽ മതത്തോടുള്ള സ്നേഹം കാണുമോ. കച്ചവടത്തിന് വേണ്ടി മതത്തെ വ്യഭിചരിക്കുന്നവർ, നമ്മുടെ രാഷ്ട്രീയക്കാരും അങ്ങിനെയാണല്ലോ.

ആ സ്ഥലത്തേക്ക് കയറിയപ്പോൾ ആദ്യം എന്റെ അടുത്തെത്തിയത് ഹിന്ദു ഹോട്ടലിന്റെ ആളായിരുന്നു. ഒരു മതത്തിന്റെയും ആയ ചിഹ്നങ്ങൾ എന്നിൽ ഇല്ലായിരുന്നു. കാഴ്ചയിൽ ഏതു മതക്കാരൻ ആണെന്ന് എന്നെ നോക്കി ആർക്കും പറയാൻ കഴിഞ്ഞിട്ടില്ല.  ഹിന്ദു ഹോട്ടൽ എന്ന് പറഞ്ഞപ്പോൾ ഞാൻ കരുതി നോണ്‍ വെജ് വിഭവങ്ങൾ ഒന്നും കാണില്ല എന്ന് , ഏയ്‌ അങ്ങിനെ ഒന്നും അല്ല അവിടെയും ഉണ്ട് ചിക്കെനും ഒക്കെ, എന്നോട് കുറേ സംസാരിച്ചു മുസ്ലിം ഹോട്ടലിലെ ഫുഡിനെ അവജ്ഞയോടെ കണ്ടിട്ടായിരുന്നു സംസാരം, അവരുടെ വാക്കുകളിൽ ഞാൻ വീഴാതായപ്പോൾ പിന്നെ മുസ്ലിം ഹോട്ടല് കാരന്റെ ഊഴമായിരുന്നു. അവന്റെ സംസാരവും ഒട്ടും പിന്നിലല്ലാരുന്നു ഹിന്ദു ഹോട്ടലിലെ ഫുഡിനെ അവജ്ഞയോടെ ആക്കി ആയിരുന്നു അവന്റെ സംസാരം. സത്യത്തിൽ അവിടെ എത്തുമ്പോൾ അല്പം വിശപ്പൊക്കെ ഉണ്ടായിരുന്നു മൂന്ന് മണിക്ക് മുൻപായിരുന്നു ഭക്ഷണം കഴിച്ചത്. പക്ഷെ ഞാൻ വിശന്നു ചാവാൻ പോകുകയായിരുന്നെങ്കിലും അവരു വില്ക്കുന്ന ആ വിഷങ്ങൾ എനിക്ക് വേണ്ടായിരുന്നു .

അവിടന്ന് നടക്കുമ്പോൾ എന്റെ മനസ്സിൽ അവിടെയുള്ള ആളുകളോടുള്ള അവജ്ഞയും ദേശ്യവും  ഒക്കെ ആയിരുന്നു. ഞാൻ എന്റെ പഴയ കാലത്തെ കുറിച്ച് ഓർത്തു പോയി അപ്പോൾ, എന്റെ വീട്ടില് വെക്കുന്ന കറിയേക്കാൾ എനിക്ക് ഇഷ്ടം എന്റെ അയൽവാസി ആയിരുന്ന ദേവി അമ്മയുടെ വീട്ടിലെ കറികൾ ആയിരുന്നു. നല്ലജീരകം അരച്ച്  വെക്കുന്ന കറികൾ. ദേവി അമ്മക്ക് അറിയാമായിരുന്നു എനിക്ക് അത് ഇഷ്ടമാണെന്ന് അത്  കാരണം അധിക ദിവസവും എനിക്കുള്ള കറി വീട്ടിൽ തരും.

അത് കൂടാതെ  രണ്ടായിരത്തിയാറിലാണെന്ന്  തോന്നുന്നു എന്റെ ഉമ്മയ്ക്ക് കാലിനു ഒരു സർജറി കഴിഞ്ഞു പത്തിൽ കൂടുതൽ ദിവസം ഹോസ്പിറ്റലിലും പിന്നെ ഒരു മാസത്തോളം ഉമ്മാന്റെ ഏട്ടത്തിയുടെ വീട്ടിലും ആയിരുന്നു. ഉമ്മയുടെ ഹെൽപിനായി ഞാനും അവിടെ തന്നെ ആയിരുന്നു, വീട്ടില് അനിയനും ഉപ്പയും വല്യമ്മയും മാത്രം. ഒരു പക്ഷേ ഉമ്മ വീട്ടില് ഉണ്ടായിരുന്നപ്പോൾ ഉള്ളതിലും കൃത്യമായി ആ ദിവസങ്ങളില്ലാം എല്ലാ നേരത്തെ ഫുഡും മറ്റൊരു അയൽവാസിയായിരുന്ന ഉഷ  ചേച്ചി കൊണ്ട് കൊടുക്കാറായിരുന്നു. അനിയനും ഒക്കെ  ഫുഡ്‌ കിട്ടിയില്ലെങ്കിലോ എന്ന് കരുതി ഉഷ  ചേച്ചി അവരുടെ മക്കൾക്ക്  സ്കൂൾ ലീവ് ആയിരുന്നിട്ടു പോലും അവരുടെ സ്വന്തം വീട്ടിലേക്ക് പോയിരുന്നില്ല. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ബലിപെരുന്നാൾ വന്നത് അന്ന് ഏതായാലും ഏതെങ്കിലും മുസ്ലിം അയൽക്കാർ ആരെങ്കിലും വിളിക്കാതിരിക്കില്ല എന്ന് കരുതി അവർ ഒറ്റ ദിവസത്തെക്കായി അവരുടെ അമ്മയുടെ അടുത്തൊക്കെ പോയി. എന്നാൽ ആ പെരുനാൾ ദിവസം എന്റെ അനിയൻ ഒരു ഭക്ഷണവും കഴിക്കാതെ വൈകുന്നേരം വരെ ഇരിക്കേണ്ടി വന്നു ഉപ്പ പള്ളിയിൽ  ആയിരുന്നു, നാട്ടിലാണെങ്കിൽ ഹോട്ടൽ ഒന്നും ഇല്ല. പിന്നെ അടുത്തൊന്നും മുസ്ലിം വീടുകൾ  ഇല്ലാഞ്ഞിട്ടല്ലാരുന്നു അനിയൻ പട്ടിണി ഇരിക്കേണ്ടി വന്നത്, അവരൊന്നും അറിയാഞ്ഞിട്ടും അല്ലാരുന്നു ഉമ്മ വീട്ടിൽ ഇല്ലാത്തത് . അതൊക്കെ എന്തിനു നോക്കാൻ . അനിയനും എങ്കിൽ എന്റെ കൂടെ ബന്ധുക്കളുടെ ആരുടേലും വീട്ടിലേക്കു പോയാൽ  പോരായിരുന്നോ എന്ന് തോന്നാം പക്ഷെ ആ സമയം വീട്ടിൽ കുറച്ചു പശുക്കിടാങ്ങൾ ഒക്കെ ഉണ്ടായിരുന്നു അതുകൊണ്ടായിരുന്നു പോകാഞ്ഞത് .

ഈ ഫുഡിനൊക്കെ മതമുണ്ടെന്ന കാര്യം അന്നൊന്നും എനിക്ക് അറിയാൻ പാടില്ലായിരുന്നു . അല്ലെങ്കിലെ ഈ മതം എന്നത് എന്തൊക്കയോ ലാഭത്തിനു വേണ്ടി ആണല്ലോ ജനം ഉപയൊഗിക്കുന്നത്. ബിംബാരാധന തെറ്റാണെന്ന് പഠിപ്പിക്കുന്ന ഒരു മതത്തിന്റെ ഒരു നേതാവ് ഒരു പ്രതീകം സൂക്ഷിക്കാൻ കോടികൾ മുടക്കി പള്ളി ഉണ്ടാക്കുന്നതും ദൈവത്തിനു വേണ്ടി പിരിവു നടത്തി ഷോപ്പിംഗ്‌ കോംപ്ലെക്സ് പണിയുന്നതും, മദ്യം വിഷമാണ് അതുണ്ടാക്കരുത് വിൽക്കരുത് കഴിക്കരുത് എന്നൊക്കെ പഠിപ്പിച്ച ആചാര്യന്റെ പേരിൽ ഉള്ളത്  എന്ന് പറയുന്ന സംഘടനയുടെ നേതാവ് പറയുന്നത് മദ്യം നിർത്തരുത് അതുണ്ടാക്കുന്നവരുടെ വിൽക്കുന്നവരുടെ ഒക്കെ ജോലി പോകും എന്നു, അത് കുടിച്ചു നശിക്കുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ഒക്കെ കാര്യം ആര് ശ്രദ്ധിക്കാൻ, ദീപസ്തംപം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്നതാ പോളിസി.   

അതൊക്കെ ചിന്തിച്ചു നടന്നു ഞാൻ റെയിൽവേ സ്റ്റേഷനിൽ എത്തി നോക്കുമ്പോൾ ട്രെയിൻ അഞ്ചു മണിക്കൂർ  ലേറ്റ് . അവിടന്ന് മാക് ഡൊണാൾഡിൽ നിന്നും ഒരു ലാർജ് ഫ്രഞ്ച് ഫ്രൈസ് വാങ്ങിചു കഴിക്കാം എന്ന് കരുതി ചെന്നപ്പോൾ അവിടെ കോമ്പോയ്ക്ക് (അതായത് ലാർജ് ഫ്രഞ്ച് ഫ്രൈസിന്റെ കൂടെ ബർഗറും കോളയും കൂടെ ) വിലയിൽ വലിയ വ്യത്യാസമില്ല അത് കൊണ്ട് അങ്ങിനെ ആക്കി. അതും കഴിച്ചു കൊണ്ട്  റെയിൽവേ പ്ലാറ്റ്ഫോമിലെ നിലത്തിരിക്കുമ്പോൾ മുന്നില് ഉള്ള കടയിൽ കഴിക്കാൻ എത്തുന്ന വിദേശികളുടെയും മറ്റും കയ്യിൽ നിന്നും ഭിക്ഷ യാചിക്കുന്ന കുട്ടികൾ ഉണ്ടായിരുന്നു. അങ്ങിനെയിരിക്കുമ്പോൾ  ആണ് ഒരാൾ തിരക്കിട്ട് വന്നു അവിടെ വെച്ച വേസ്റ്റ് ബാസ്കെറ്റിലൊക്കെ തപ്പുന്നു അതിൽ നിന്നും എന്തോ കിട്ടിയത് എടുത്തു കഴിച്ചു അടുത്ത ബാസ്കെറ്റിലും തപ്പിക്കൊണ്ടിരിക്കുകയായിരുന്നു അതിൽ നിന്നും എന്തോ എടുത്തു തിന്നു . പോയിട്ട് എന്തൊക്കയോ ചെയ്തു തീർക്കാൻ ഉള്ള പോലെ അത്രയും ധൃതിയിൽ ആയിരുന്നു . ഞാൻ അവിടന്ന് ഒരു പഫ്സ് വാങ്ങിച്ചു കൊണ്ട് കൊടുത്തപ്പോൾ അത് എത്രയും വേഗം വാങ്ങിച്ചു പോകാനുള്ള തിരക്കിലായിരുന്നു. എന്തെ വാങ്ങിച്ചു തരാൻ ഇത്ര താമസിച്ചു എന്ന പോലെ ഒരു നോട്ടം, എന്തായാലും അത് വാങ്ങിച്ചു ഒന്ന് ചിരിക്കാൻ മറന്നില്ല. അവനെ മാനസിക രോഗി എന്ന് വിളിക്കണോ എന്ന് എനിക്ക് അറിയില്ല , കാരണം അവനെ മാനാസിക രോഗി എന്നാണു വിളിക്കുന്നതെങ്കിൽ ആ ഹോട്ടലുകൾ നടത്തുന്നവരെ എന്തു വിളിക്കും, ശരിയാ മനസ്സ് എന്നൊന്നുണ്ടെങ്കിലല്ലെ മാനസിക രോഗി ആകുള്ളൂ അല്ലെ . 




 

Wednesday 20 March 2013

ഭകർവാടി

ഹാ കേൾക്കുമ്പോൾ തന്നെ ഒരു അപരിചിതത്വം അല്ലെ, സംശയിക്കണ്ട ഇവൻ നമുക്ക് അന്യൻ തന്നെ. മഹാരാഷ്ട്രക്കാർക്ക് പ്രിയങ്കരനാണ് , അതെ പറയുന്നത് ഞാൻ ആയതുകൊണ്ട് മനസ്സിലായല്ലോ ഇതും കഴിക്കാൻ ഉള്ളതാ, സ്വീറ്റും സാൾട്ടിയും ആയ പലഹാരം. 
2010 നവംബർ 6, അന്ന് ഞാനും മുംബൈയിൽ നിന്നും ഉള്ള രാജശ്രീയും ഫിലിപ്പീൻസിൽ നിന്നും ഉള്ള നോയലും കൂടെ പാരിസ് വിസിറ്റിനു പോയ ദിവസം, പതിവ് പോലെ എല്ലാരും ഓരോ ഫുഡ് ഐറ്റംസ് കരുതിയിരുന്നു. ബ്രസ്സൽസിൽ നിന്നും ബസ്സിൽ ആണ് യാത്ര. യാത്ര തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ബ്രെഡ്‌ ടോസ്റ്റ്‌  ചെയ്തു വെച്ചത് ചമ്മന്തിപ്പൊടിയും കൂട്ടി കഴിച്ചു ( എന്നാ കോമ്പിനേഷൻ അല്ലേ ) പിന്നെ ആപ്പിളും, ഏറ്റവും കുറഞ്ഞ വിലക്ക് നല്ല ആപ്പിൾ കിട്ടിയിരുന്നതു കൊണ്ട് ഗ്രൂപ്പിൽ ഉള്ള എല്ലാരുടെയും ഡൈലി മെനുവിൽ രണ്ടോ മൂന്നോ ആപ്പിൾ ഉറപ്പായിരുന്നു . രാജശ്രീ കരുതിയിരുന്നത് ഭകർവാടി ആയിരുന്നു. ഈഫൽ ടവറിനു അടുത്തെത്തിയപ്പോഴേക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു, ബ്രേക്ക്‌ഫാസ്റ്റ്  കഴിക്കാൻ നില്ക്കാതെ ബസ്സിറങ്ങി കഴിയുന്നതും വേഗം ഈഫൽ ടവർ ലക്ഷ്യമാക്കി കുതിക്കുകയായിരുന്നു, അതും ഞങ്ങൾ അന്ന് അവിടെ എത്തുമ്പോൾ നല്ല മഴയും അല്ലെങ്കിലെ തണുപ്പ് മൈനസ്  അഞ്ചിനും പത്തിനും ഇടയ്ക്കായിരുന്നു അതിനിടയ്ക്ക്  മഴയും, ഇടിവെട്ടിയവനെ പാമ്പു കടിച്ച അവസ്ഥ.
അങ്ങിനെ നിൽക്കുമ്പോൾ ആണ് രാജശ്രീയുടെ വക ആ പലഹാരം കിട്ടുന്നത്, സാധാരണയായി ആരെന്തുതന്നാലും ഞാൻ അധികം എടുക്കാറില്ല അല്ലെങ്കിൽ വാങ്ങാറില്ല . പക്ഷെ ഒരുമാസത്തിലധികം നമ്മുടെ വിഭവം ഒന്നും കഴിക്കാതിരുന്നതുകൊണ്ടോ അതല്ല അതിന്റെ തന്നെ ടേസ്റ്റ് കൊണ്ടോ എന്തോ ഞാൻ കുറെ എടുത്തു, ഞാൻ എടുക്കുന്നതിനനുസരിച്ചു അവൾ വീണ്ടും വീണ്ടും നിർബന്ധിച്ചുകൊണ്ടേയിരുന്നു വീണ്ടും എടുത്തു കഴിക്കാൻ, ഞാൻ മതിയാക്കി. എൻറെ വക അവൾക്ക്  കൊടുക്കാറുണ്ടായിരുന്നത്  നമ്മുടെ സ്വന്തം ചമ്മന്തിപ്പൊടിയും പൊടിയും പിന്നെ മാഗ്ഗി നൂഡിൽസും ആയിരുന്നു. അധികദിവസവും ക്ലാസ്സിലേക്ക് പോകുമ്പോൾ ചമ്മന്തിപ്പൊടി എടുക്കാൻ അവൾ പറയുമായിരുന്നു, എന്തോ അത് അവൾക്ക്  നന്നായി ഇഷ്ടപ്പെട്ടു എന്ന് തോന്നുന്നു. 
നാട്ടിൽ തിരിച്ചു വന്നപ്പോൾ നാട്ടിലൊക്കെ തപ്പി ആ പലഹാരത്തിന് , പക്ഷെ എവിടെയും കിട്ടിയില്ല. പിന്നീട് അത് കഴിക്കാൻ പറ്റും എന്നൊന്നും കരുതിയില്ല, ഒന്നാമത്തെ കാര്യം നോർത്ത്  ഇന്ത്യയിലേക്ക്‌ വരുന്നതിനെ പറ്റി ഒരിക്കലും ചിന്തിച്ചിട്ടേ ഇല്ലായിരുന്നു. അങ്ങിനെ ഇരിക്കുമ്പോൾ ആണ് ഐസർ മൊഹാലിയിൽ ഇന്റർവ്യൂവിനു രണ്ടു ദിവസം മുൻപ്  മുംബൈയിൽ ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു, അവളെ അറിയിച്ചപ്പോൾ അവളുടെ വീട്ടിൽ  നിന്നും പോകാൻ ഉള്ള ദൂരമേ ഉള്ളു എന്നും അവിടെ നിൽക്കാം എന്നും പറഞ്ഞു. 
അങ്ങിനെ നാട്ടിൽ നിന്നും പോകുമ്പോൾ രാജശ്രീയുടെ മകൾ ഋതുജയ്ക്ക് കുറെ സ്വീറ്റ്സും ഒക്കെ നാട്ടിൽ നിന്നും തന്നെ വാങ്ങിച്ചു പൊയി. അവിടെ എത്തുമ്പോൾ അവൾ ഓഫീസിൽ ആയിരുന്നു, അവളുടെ അമ്മ ആയിരുന്നു അവിടെ ഉള്ളത് , അമ്മക്കാണെങ്കിൽ മറാഠി മാത്രമേ അറിയുള്ളു , നല്ല രസമായിരുന്നു. എനിക്ക് ചായയും പലഹാരങ്ങളും ഒക്കെ കൊണ്ട് വന്നു തന്നു, അതിനു ശേഷം കുളിക്കാനും വിശ്രമിക്കാനും എല്ലാം ആൻഗ്യം കാണിച്ചു തന്നു, അതിനു ഭാഷ പ്രശ്നമല്ലല്ലോ. ഒരു ഏഴുമണി ആവുമ്പോഴേക്കും രാജശ്രീയും അച്ഛനും വന്നു. അപ്പോഴേക്കും ഋതുജ ഉറക്കമെണീറ്റിരുന്നു, ആദ്യമൊക്കെ അധികം കമ്പനി ആയില്ല, പിന്നെ കമ്പ്യൂട്ടറിൽ ഗെയിം എടുത്തു എൻറെ അടുത്തിരുന്നു, എന്തൊക്കെയോ ഹിന്ദിയിലോ മറാഠിയിലോ പറയുന്നുണ്ടായിരുന്നു, ഹാ എന്തായാലും എനിക്കൊന്നും മനസ്സിലായില്ല, കൊച്ചു കുട്ടിയായതുകൊണ്ട്‌ അതിനും മനസ്സിലായികാണില്ല അത് പറയുന്നതൊന്നും മനസ്സിലായി കാണില്ല എന്ന്, പക്ഷെ എന്തായാലും ഞങ്ങൾ പെട്ടന്നു കമ്പനി ആയി, ഭാഷ ഇല്ലെങ്കിലും ചിരി നല്ല ഒരു മീഡിയമാണ്  കമ്മ്യൂണിക്കേഷനു. 
പിറ്റേ ദിവസം ഇന്റർവ്യൂ സ്ഥലത്ത് എന്നെ എത്തിച്ചു കൊടുത്തിട്ട് ഓഫീസിൽ പോയാൽ മതി എന്ന് അവളുടെ അച്ഛൻ അവളെ പറഞ്ഞു ഏൽപ്പിച്ചിരുന്നു. ഇന്റർവ്യൂവിന്റെ തലേ ദിവസം തന്നെ ഒരു ബോക്സ്‌  ഭകർവാടിയും പിന്നെ എന്തൊക്കയോ മറാഠി പലഹാരങ്ങളും എനിക്ക് വേണ്ടി വാങ്ങി വെച്ചിരുന്നു, അതൊക്കെ എനിക്ക് കൊണ്ടുപോകാൻ വേണ്ടി വാങ്ങിച്ചു  വെച്ചിരുന്നതാണ് . ഒപ്പം അമ്മയുടെ വക കുറെ ടവൽസ്  ഉള്ള ഒരു ബൊക്സും. രണ്ടു വർഷത്തിനു ശേഷവും അന്ന് ഞാൻ ഭകർവാടി ഇഷ്ടപ്പെട്ടത് ഓർത്തു വെച്ച് അതെനിക്ക് ഗിഫ്റ്റ് തന്നപ്പോൾ മനസ്സില് എന്തോ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം. ഒരു സഹോദരി തരുന്ന സ്നേഹം, എനിക്ക് സ്വന്തമായി സഹോദരി ഇല്ലാത്തത് കൊണ്ട്  സഹോദരിയെ പോലെ ഞാൻ കരുതുന്ന കുറച്ചുപേർ ഉണ്ട് , അവർക്ക്  പലർക്കും എന്നെ ശാസിക്കാനുള്ള അവകാശവും ഞാൻ കൊടുത്തിട്ടുണ്ട് . 
ഹാൽഡിറാം കമ്പനിയുടെ ഭകർവാടിയാണ് ഇതുവരെ ഞാൻ കഴിച്ചുള്ളൂ, അതിൽ തന്നെ മുംബൈയിൽ നിന്നും ഉള്ളതാ സൂപ്പർ. ഡൽഹിയിൽ ഇപ്പോൾ കഴിഞ്ഞ ജനുവരിയിൽ പോയപ്പോൾ അവിടെ ഉള്ള  ഹാൽഡിറാം ബേക്കറിയിൽ നിന്നും വാങ്ങിച്ചിരുന്നു പക്ഷെ മുംബൈയിൽ നിന്നും കിട്ടിയ അത്ര നല്ലതല്ലാരുന്നു. 
NB: കഴിഞ്ഞ ജനുവരിയിൽ ഡൽഹിയിൽ പോയപ്പോൾ എന്നെ വല്ലാതെ സങ്കടപ്പെടുത്തിയ ഒരു കാര്യം ഞാൻ ഇനിയൊരു പോസ്റ്റിൽ ( "മതമില്ലാത്ത ആഹാരം" )ഷെയർ ചെയ്യാം 








Wednesday 23 January 2013

മയിലുകള്‍ പറന്നകലുമ്പോള്‍


ഈ കഴിഞ്ഞ ഞായറാഴ്ച കുട്ടികളുടെ കൂടെ പക്ഷിനിരീക്ഷണത്തിന് പോയപ്പോള്‍ ഏറെ കാലത്തിനു ശേഷം ജീവിതത്തിന്റെ പഴയ കാലത്തിലൂടെ ഒക്കെ സഞ്ചരിച്ചപോലെ. ഒരുപാട് ആസ്വദിച്ചു ആ ദിവസം. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന കാലം മുതല് തുടങ്ങിയതാണീ ‍പക്ഷികളോടുള്ള ഇഷ്ടം . ഇന്നും ഞാന്‍ ഓര്‍ക്കുന്നു അഞ്ചാം ക്ലാസ്സിലെ ഓണപ്പരീക്ഷ അടുത്ത സമയം . എന്നും ക്ലാസ്സില്‍ എടുക്കുന്നത് അന്നേ ദിവസം തന്നെ പഠിക്കുന്ന കൂട്ടത്തിലോന്നുമല്ലായിരുന്നു ഞാന്‍ എന്ന് പറയുന്നതിനേക്കാള്‍ പരീക്ഷ അടുക്കുമ്പോള്‍ മാത്രം പഠിക്കുന്ന കൂട്ടത്തിലായിരുന്നു എന്നു പറയുന്നതാവും ശരി, അതും പരീക്ഷയ്ക്ക് അടുപ്പിച്ചു ഒരാഴ്ച മുന്‍പ് തുടങ്ങും പരീക്ഷയ്ക്കു പഠിക്കേണ്ടേ എന്ന ചിന്ത , പതിവു പോലെ ആ തവണയും ബുക്കും എടുത്ത് ഇരുന്നും, കിടന്നും, നടന്നും ഒക്കെ വായിച്ചു കൊണ്ടിരിക്കുന്നതിനിടെയാണ് അടുത്ത പറമ്പില്‍ മനോഹരമായ ഒരു കിളിയെ കാണുന്നത്, അതിനു മുമ്പ്  അങ്ങിനെ ഒരു കിളിയെ ഞാന്‍ കണ്ടിരുന്നില്ല, ഒരു കടും ഓറഞ്ചു നിറത്തില്‍ തലയില്‍ ഒരു തൊപ്പിപോലെ ഒക്കെ ആയിട്ട് പിന്നെ നല്ല നീളമുള്ള വാലും , എന്തോ അന്നൊന്നും ക്യാമറ കയ്യില്‍ ഇല്ലാതിരുന്നതുകൊണ്ട്‌ കുറെ നേരം നോക്കി നിന്നു എന്നല്ലാതെ വേറെ ഒന്നും സാധിച്ചില്ല. പിന്നെ ദിവസേന ഇതുതന്നെ ആയി അവസ്ഥ , കുറേയേറെ പക്ഷികള്‍ . എന്തുകൊണ്ടോ മുമ്പൊന്നും  ശ്രദ്ധിക്കാതിരുന്നതുകൊണ്ടാവും ഇത്രയൊക്കെ മനസ്സിനു സന്തോഷം തരുന്ന കാഴ്ചകള്‍ ഭൂമിയില്‍ ഉണ്ടല്ലോ എന്നു മനസ്സിലായപ്പോള്‍ അതൊരു പുതിയ അനുഭവമായി. അതിനിടയ്ക്ക് ഞാന്‍ പഠിക്കാന്‍ ഇരിക്കുമ്പോള്‍ അടുത്ത പറമ്പിലേക്ക്‌ നോക്കിയിരിക്കുന്നതു  കാണുമ്പോള്‍ ഉമ്മ തമാശയ്ക്ക് ചോദിക്കും നി അവിടെ എന്താണ് കൃഷി ചെയ്തത് എന്നു നോക്കുകയാണോ, അതാണോ നീ പരീക്ഷയ്ക്ക് എഴുതാന്‍ പോകുന്നത് എന്ന്. പരീക്ഷയുടെ തലേ ദിവസം വരെയൊക്കെ ഇതു തുടര്‍ന്നു . പിന്നെ പരീക്ഷ കഴിയുന്നതുവരെ പരീക്ഷാചൂട്.



പരീക്ഷയെല്ലാം കഴിഞ്ഞു  ആ അവധിക്കാലത്ത്‌ പക്ഷിനിരീക്ഷണം നടത്താനുള്ള ഒരു ദൃഢനിശ്ചയത്തിലൊക്കെയായിരുന്നു ആ തവണ പരീക്ഷ എഴുതിയത് . അങ്ങിനെ പരീക്ഷ എല്ലാം കഴിഞ്ഞ് പിറ്റെ ദിവസം എണീറ്റ്‌ ചുറ്റിലും കണ്ണോടിച്ചു , എവിടെ .!!! കുറേ കാക്കകളും, മൈനകളും, പ്രാവുകളും മാത്രം . പരീക്ഷാ സമയങ്ങളിലൊക്കെ കണ്ടിരുന്ന പക്ഷികള്‍ എല്ലാം എവിടെ പോയോ ആവോ , ഹാ !!!. പിന്നെ തല്‍കാലം അതൊക്കെ വിട്ടു, പക്ഷെ മനസ്സിന്റെ ഏതോ ഒരു കോണില്‍ അപ്പോഴേക്കും പക്ഷികളോടുള്ള ഇഷ്ടം നല്ല ആഴത്തില്‍ പതിഞ്ഞിരുന്നു . പൊതുവെ അധികമൊന്നും വായിക്കാത്ത കൂട്ടത്തിലായിരുന്ന  ഞാന്‍ , പക്ഷെ പക്ഷികളെ പറ്റി എന്തു കിട്ടിയാലും വായിക്കുന്ന രീതിയിലേക്കു മാറി, പക്ഷികളുടെ ചിത്രങ്ങളും , ലേഖനങ്ങളും, സ്റ്റാമ്പുകളും ഒക്കെ ശേഖരിക്കാന്‍ തുടങ്ങിയത് ആ കാലം മുതല്‍ക്കായിരുന്നു, ഇന്നും എന്റെ വീട്ടില്‍ ഉണ്ട് അവയെല്ലാം .


എട്ടാം ക്ലാസ്സുമുതല്‍ ഞങ്ങളുടെ സ്കൂളിലെ നേച്ചര്‍ ക്ലബ്ബില്‍ അംഗമായി. അതു പക്ഷികളെ കുറിച്ചും വന്യജീവികളെ കുറിച്ചുമെല്ലാം കുറെക്കൂടെ അറിവുകള്‍ നേടാന്‍ സഹായിച്ചു. ഒന്‍പതില്‍ പഠിക്കുമ്പോള്‍ വയനാട്ടിലെ മുത്തങ്ങയില്‍ ക്യാമ്പിനു പങ്കെടുക്കാന്‍ സാധിച്ചത് വളരെ രസകരമായ അനുഭവമായിരുന്നു. ആ ഇടയ്ക്കായിരുന്നു ഏതോ ഒരു പത്രത്തിന്റെ സപ്ലിമെന്റില്‍ നിന്നും ഡെറാഡൂണില് ഉള്ള വൈല്‍ഡ്‌ ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിലെ  മാസ്റ്റെര്‍സ്  ഇന്‍ വൈല്‍ഡ്‌ ലൈഫ് സയന്‍സ് കോഴ്സിനെക്കുറിച്ച് അറിയുന്നത് . തട്ടത്തിന്‍ മറയത്ത് സിനിമയിലെ ഡയലോഗ് പോലെ അന്ന് മനസ്സില്‍ കരുതി എനിക്ക് അവിടന്ന് ആ കോഴ്സ് ചെയ്യണമെന്നും , അതിനു ശേഷം ഓര്‍ണിത്തോളോജിയില്‍ റിസര്‍ച്ച്  ചെയ്യണം എന്ന്. ഹ ഹ .. വലിയ വലിയ ആഗ്രഹങ്ങള്‍ പക്ഷെ ആഗ്രഹങ്ങള്‍ മാത്രം, അതിനു വേണ്ടി എന്തു ചെയ്യണം എന്നു ഗൈഡ് ചെയ്യാനൊന്നും ആരുമില്ലായിരുന്നു. സലിം അലിയെയും  ഇന്ദുചൂഢനെയുമൊക്കെ ആരാധനാപാത്രങ്ങളാക്കി  പോന്നു.


പിന്നെ പ്ലസ്‌ വണ്ണില്‍ ചേര്‍ക്കുമ്പോള്‍ ഉപ്പയ്ക്ക് നിര്‍ബന്ധം കമ്പ്യൂട്ടര്‍ സയന്‍സിനു ചേര്‍ന്നാല്‍ മതി എന്ന് , കാരണം മറ്റൊന്നുമല്ല ഉപ്പയുടെ സുഹൃത്ത് റസാക്ക് മാസ്റ്ററുടെ മകള്‍ അതിനാ ചേര്‍ന്നത്  അതുകൊണ്ട് നീയും അതെടുത്താല്‍ മതി എന്ന്. അവള്‍ നല്ല കൂട്ടായിരുന്നു സ്കൂളില്‍ ഒക്കെ, അന്നൊക്കെ ഞങ്ങള്‍ ഒന്നിച്ചായിരുന്നു ട്യൂഷനൊക്കെ പോയിരുന്നത് , ട്യൂഷന്‍ എന്ന് പറയുന്നത് ക്ലാസ് തുറക്കുന്നതിനു മുന്‍പും പിന്നെ തുറന്നു ആദ്യത്തെ കുറച്ചു മാസങ്ങളും മാത്രം, പിന്നെ രണ്ടു പേര്‍ക്കും മടിയാകും അങ്ങിനെ അതു നില്‍ക്കും. സോറി ഞാന്‍ പറഞ്ഞു പറഞ്ഞു വിഷയത്തില്‍ നിന്നും എവിടെയോ എത്തി . ഞാന്‍ പറഞ്ഞു വന്നത്  ഈ ഞായറാഴ്ച കുട്ടികളുടെ കൂടെ പക്ഷിനിരീക്ഷണത്തിന് പോയ കാര്യം. 

തികച്ചും  യാതൃശ്ചികമായാണ് കഴിഞ്ഞ ശനിയാഴ്ച കുട്ടികളുടെ ഹോസ്റ്റലില്‍ തങ്ങിയത് . ജോപോള്‍, ശബരി , ഷബിന്‍, ജസ്റ്റിന്‍, അഖില്‍രാഗ് എല്ലാം കൂടെ രാത്രി ഭക്ഷണം പുറത്തു നിന്നും ഓര്‍ഡര്‍ ചെയ്തു കഴിക്കാന്‍ പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു, മെസ്സില്‍ കൂപ്പണ്‍ സിസ്റ്റം ആക്കിയതിനു ശേഷം എല്ലാരും ഓര്‍ഡര്‍ ചെയ്തു കഴിക്കാറ് പതിവാണ് , ഹാ അന്ന് ഓര്‍ഡര്‍ ചെയ്യുമ്പോള്‍ എന്നോടു ചോദിച്ചു ചേട്ടനും ഓര്‍ഡര്‍ ചെയ്യുന്നോ എന്ന് , അങ്ങിന ഞാനും ഓര്‍ഡര്‍ ചെയ്തു . ഭക്ഷണം എത്തുമ്പോള്‍ രാത്രി ഒന്‍പതര മണി കഴിഞ്ഞു, പിന്നെ കഴിച്ചോക്കെ കഴിയുമ്പോഴേക്കും ഒരുപാടു വൈകി. ഞായറാഴ്ച രാവിലെ മസാല ദോശ ആണ് മെസ്സില്‍, അതും ഇപ്പോള്‍ മെസ്സിലെ ആളുകള്‍ മാറിയ ശേഷം നല്ലതാണെന്ന് വ്യാഴാഴ്ച ജോപോള്‍ പറഞ്ഞതു മുതല്‍ കരുതിയതാണ് അതൊന്നു പരീക്ഷിച്ചു നോക്കണം എന്ന് . ഈ തണുപ്പിനു രാവിലെ തന്നെ എന്റെ റൂമില്‍ നിന്നും അതിനായി ഇവിടെ വരെ വരേണ്ടേ എന്നാലോചിച്ചപ്പോള്‍ കുട്ടികള്‍ പറഞ്ഞ പോലെ അവരുടെ ഹോസ്റ്റലില്‍ തന്നെ നിന്നു . രാവിലെ മസാല ദോശ ഒക്കെ കഴിച്ചു ( പറഞ്ഞപോലെ തന്നെ മസാല ദോശ കൊള്ളാമായിരുന്നു. നല്ല സൂപ്പര്‍ ചട്ടിണിയും) പുറത്തു നില്‍ക്കുമ്പോള്‍ പാര്‍ഥന്‍ പറഞ്ഞു ചേട്ടനും കൂടെ വാ നമുക്ക് പക്ഷിനിരീക്ഷണത്തിനു പോകാം എന്നു. അവരുടെ കോഴ്സിന്റെ ഭാഗമായിട്ടുള്ളതാണ് അതൊക്കെ. അവന്‍ വിളിച്ചപ്പോള്‍ ഞാനും ഇറങ്ങി. 

ആദ്യം ക്യാമ്പസിലൂടെ തന്നെ കറങ്ങി. പരുന്ത് , തത്തകള്‍, വേഴാമ്പല്‍, ചെമ്പോത്ത്, കുരുവികള്‍, പലതരം പ്രാവുകള്‍, പിന്നെ പേരറിയാത്ത കുറച്ചു പക്ഷികള്‍, ഇവയെ എല്ലാം ക്യാമ്പസിനകത്തു വെച്ച് തന്നെ കണ്ടു. തത്ത സാധാരണയില്‍ നിന്നും വ്യത്യസ്തമായി കഴുത്തിന്റെ അടിവശത്ത് ഒരു കറുത്ത സര്‍ക്കിളിന്റെ ഭാഗവും അതിന്റെ ബാക്കി മുകള്‍ ഭാഗം നല്ല ചുവപ്പ് നിറവും, ചുവന്ന ചുണ്ടുകള്‍, മഞ്ഞ കലര്‍ന്ന പച്ച വാലുകള്‍. കാണാന്‍ അതി സുന്ദരി അല്ലെങ്കില്‍ അതി സുന്ദരന്‍ , ഹാ !! എന്തായാലും ആള് സൂപ്പര്‍. അതിലൊരുത്തന്‍ കയ്യില്‍ പേരയ്ക്കയും പിടിച്ചോണ്ട നില്പ്. നിങ്ങള്‍ ഇങ്ങിനെ നോക്കിയിട്ടൊന്നും കാര്യമില്ല ഞാന്‍ തരാനൊന്നും പോകുന്നില്ല എന്ന ഭാവത്തില്‍ ഒരു പോസ് . പിന്നെ ദൈവമേ ഇത്രയും ഞാന്‍ തന്നെ കഴിച്ചതാണോ എന്നോ അതോ ഇതൊക്കെ ഞാന്‍ തന്നെ കഴിച്ചു തീര്‍ക്കണമോ എന്ന ഭാവത്തില്‍ മറ്റൊരു പോസ് , ഏതായാലും ആള് രസികന്‍ തന്നെ അല്ലെ . 

പിന്നെ ഒരു ചെറിയ പക്ഷി, അടി ഭാഗവും ഓറഞ്ചും വെള്ളയും കൂടിച്ചേര്‍ന്ന നിറം കൊക്കും മുകള്‍ ഭാഗവും നല്ല കറുപ്പ് . ഡയറക്ട്ടറുടെ വീടിനു മുന്‍പിലുള്ള സ്ഥലത്താണ് ഞങ്ങള്‍ എല്ലാം കറങ്ങി കൊണ്ടിരുന്നത്, അപ്പോഴൊക്കെ അവിടെ ഒരു തോക്കും പിടിച്ചോണ്ട് നില്‍കുന്ന സെക്യൂരിറ്റിക്ക് എന്താ കാര്യം എന്ന് മനസ്സിലായിരുന്നില്ല എന്ന് തോന്നുന്നു  അയാള്‍ ഞങ്ങളെ തന്നെ നോക്കി കൊണ്ടിരുന്നു, പിന്നെ കുറെ കഴിഞ്ഞപ്പോള്‍ പിണങ്ങിയ പോലെ നേരെ തിരിഞ്ഞു നിന്നു. 

ഇതിനിടക്ക്‌ നമ്മുടെ കാക്കകള്‍ പല പോസില്‍ ഇരുന്നും, പറന്നും ഒക്കെ ഞങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, ഒരു നിമിഷമെകിലും നമ്മള്‍ നോക്കി പോകും നിറവും അത്രകണ്ട് കടും കറുപ്പ് നിറവും അല്ല. അവിടന്ന് മുമ്പോട്ട്‌ നടന്നോണ്ടിരിക്കുമ്പോള്‍  ഒരു നല്ല രസമുള്ള വാലുള്ള ഒരു പക്ഷി പറന്നു പോകുന്നത് കണ്ടു. അതിനെ അടുത്തു നിന്ന് കണ്ടപ്പോള്‍ മനസ്സിലായി അത് വേഴാമ്പല്‍ ആണെന്ന് . 



ഇതിനിടയ്ക്ക് പക്ഷികള നോക്കി നടക്കുന്നതിനോടൊപ്പം ക്യാമ്പസിലുള്ള പേരയില്‍ നിന്നെല്ലാം പേരയ്ക്ക പറിച്ചു തിന്നോണ്ടിരുന്നു. സ്റ്റാഫ്‌ കോര്‍ട്ടേര്‍സിനു പിറകു വശത്തെ മതില്‍ കടന്നു അവിടെ ഉള്ള ഒരു ചെറിയ പുഴ കഴിഞ്ഞു പോയാല്‍ മയിലുകളെ കാണാം എന്നു കുട്ടികള്‍ പറഞ്ഞിരുന്നു. പക്ഷെ മതിലിനടുതെത്തി ഞങ്ങള്‍ അവിടെ നിന്നു, കാരണം അവിടെ മതിലിനു നല്ല ഉയരം ഉണ്ടായിരുന്നു. എങ്ങിനെ അത് കടന്നു പോകും എന്നും ചിന്തിച്ചു ആ മതിലില്‍ ഇരിക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്ന ഡോണി ചോദിച്ചു അതിനടുത്തുള്ള ആ പുഴയുടെ പേര് ഞാന്‍ പറഞ്ഞു നള എന്നാണെന്ന്, ഞാന്‍ പറയാന്‍ കാരണം കുറച്ചു ദിവസം മുമ്പ് പാര്‍ഥന്‍ എന്നോട് പറഞ്ഞു തന്നിരുന്നു. കൂടെ ഉണ്ടായിരുന്ന മനുവും ചോദിച്ചു എന്താ പേരു പറഞ്ഞത് എന്ന് ഡോണി നള എന്ന് ഉച്ചത്തില്‍ പറഞ്ഞു. അപ്പോള്‍ കൂടെ ഉണ്ടായിരുന്ന പെണ്‍കുട്ടികള്‍ രണ്ടു പേരും പറഞ്ഞു നാല എന്നല്ലേ, അത് പുഴയെ ഹിന്ദിയില്‍ പറയുന്നതാണെന്ന്. ഹ ഹ ഞാനൊന്നുമറിയില്ലേ രാമനാരായണ എന്ന രീതിയില്‍ ഞാന്‍ നിന്നു. സൗത്തില്‍ നിന്നും ഉള്ള ഈ പെണ്‍കുട്ടികള്‍ അല്ലേലും ഹിന്ദിയില്‍ പുലികള്‍ ആണ് .

ഏതായാലും അങ്ങിനെ ഇരിക്കുമ്പൊഴാണ് അഖില്‍ ഫ്രാന്‍സിസ് ആ മതിലിനു സ്ലോപ് ആയി ഇട്ട മണ്ണിലൂടെ താഴോട്ടു ഇറങ്ങുന്നത് കണ്ടത് . പിന്നെ ഞങ്ങളും നോക്കി നിന്നില്ല വേഗം താഴെ ഇറങ്ങി പുഴ കടന്നു. രണ്ടു ദിവസം മഴ ആയിരുന്നത് കൊണ്ട് നല്ലവണ്ണം ചളി ഉണ്ടായിരുന്നു. ബൂട്ടിന്റെ അടിയില്‍ കിലോ കണക്കിന് ചളി പറ്റിയിരുന്നു. പുഴ കടന്നു അടുത്ത മതിലില്‍ കയറിയപ്പോള്‍ തന്നെ ഒരു മയിലിനെ കണ്ടു . പെണ്‍കുട്ടികള്‍ രണ്ടു പേര്‍ക്കും മതിലിനു മീതെ നടക്കാന്‍ പേടി, എങ്ങിനെയൊക്കയൊ അതു കടന്നു കഴിഞ്ഞ് അവര്‍ പറയുന്നുണ്ടായിരുന്നു ആണായിരുന്നെങ്കില്‍ എന്ന് , എനിക്ക് അപ്പോഴും ഒരു സംശയം അതിനൊക്കെ ആണാകേണ്ട ആവശ്യമുണ്ടോ, ഒന്നു ശ്രമിച്ചാല്‍ ആര്‍ക്കും സാധിക്കുന്നത് . ആ പേടിയെല്ലാം എത്ര നിസ്സാരമായി മാറ്റാന്‍ പറ്റുന്നതാണ് . 



മതില്‍ കടന്നു അവിടെയും ധാരാളം പേരകള്‍, നല്ല പഴുത്ത വലിയ പേരയ്ക്കകള്‍, ഞങ്ങള്‍ കരുതി അതും കാമ്പസിന്റെ അല്ലെ, ആരും പറയ്ക്കാതെ ഇടുന്നതല്ലേ എന്നു കരുതി എല്ലാരും നല്ലോണം എടുത്തു. അപ്പോഴാണ്‌ ഒരു സ്ത്രീ വഴക്കു പറയുന്നത് കേട്ടത് , അവര്‍ ആ തോട്ടത്തില്‍ നിന്നും പേരയ്ക്ക പറിച്ചു കൊണ്ടിരിക്കുകയായിരുന്നു . ഞാന്‍ ജാക്കറ്റ് ഇട്ടിരുന്നത് കൊണ്ട് പാര്‍ഥന്‍ എല്ലാം എന്റെ പോക്കറ്റില്‍ ഇട്ടു. അങ്ങിനെ ആ പേരത്തോട്ടത്തിലേക്ക് കയറിയപ്പോള്‍ അങ്ങേ അറ്റത്ത്‌ നാലഞ്ചു മയിലുകള്‍ ഉണ്ടായിരുന്നു. ഞങ്ങളെ കണ്ടപ്പോള്‍ തന്നെ ഓരോന്നായി പല ഭാഗങ്ങളിലേക്ക് മാറാന്‍ തുടങ്ങി അതുവരെ അവിടെ തന്ന ഉള്ളവരെ കണ്ടപ്പോള്‍ അത് പറന്നിരുന്നില്ല, ഞങ്ങളെ കണ്ടപ്പോള്‍ പറന്നുയരാന്‍ പറ്റിയ സ്ഥലത്തേക്ക് മാറി നില്‍ക്കുകയാണ് ആദ്യം ചെയ്തത് , പിന്നെ അടുത്തേക്ക് ചെന്നപ്പോള്‍ പറക്കാന്‍ തുടങ്ങി മയിലുകല്കും ആ വലിയ വാലുകളും കൊണ്ട് അത്ര ഉയരത്തിലും ദൂരത്തിലും പറക്കാന്‍ സാധിക്കും എന്ന് എനിക്ക് അന്നാണ് മനസ്സിലായത് . മയിലുകള്‍ ... എത്ര സുന്ദരമാണല്ലെ അവര്‍, പീലി വിടര്‍ത്തി ആടുകയും കൂടെ ആണെങ്കില്‍ എത്ര നേരം നോക്കി നിന്നാലും ബോറടിക്കുകയും ഇല്ല.

പിന്നീട് അവിടെ നിന്നും കുട്ടികള്‍ കുറച്ചു പീലികള്‍ ഒക്കെ എടുത്ത് തിരികെ പോരുമ്പോള്‍ ആധികാരികമായി പഠിക്കാനൊന്നും കഴിഞ്ഞില്ലെങ്കിലും പക്ഷിനിരീക്ഷിക്കാന്‍ അവസരം കിട്ടിയല്ലോ എന്ന സന്തോഷത്തിലായിരുന്നു . ഇനിയുള്ള വര്‍ഷങ്ങളിലും അടുത്ത ബാച്ചിന്റെ കൂടെയും ഇറങ്ങാം എന്ന പ്രതീക്ഷയില്‍ ആയിരുന്നു.


Friday 14 December 2012

മസാല ദോശയും ഞാനും തമ്മില്‍ : A silent love story


എന്റെ  മസാല ദോശ പ്രണയത്തെ പറ്റി പറയണമെങ്കില്‍ ആദ്യം എന്നെ പറ്റി പറയണം. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഒരു കൊച്ചു ഗ്രാമത്തില്‍ ആണ്, കൊച്ചു ഗ്രാമം എന്ന് പറഞ്ഞാല്‍ ഒരു മസാല ദോശ കിട്ടണമെങ്കില്‍ മൂന്നു കിലോമീറ്റര്‍  യാത്ര ചെയ്യണം, അപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലായി കാണുമല്ലോ എത്ര ചെറുതാണെന്ന്. 

എന്റെ  കുട്ടിക്കാലം മുതല്‍ മസാല ദോശ എന്റെ ഒരു വീക്നെസ് ആയിരുന്നു. ഉപ്പയുടെ വീടും ഉമ്മയുടെ വീടും  തമ്മില്‍ നാല് കിലോമീറ്റര്‍ ദൂരമേ ഉള്ളൂ, ഇത് ഇപ്പോള്‍  ഇവിടെ പറയാന്‍ കാരണം എനിക്ക് മസാല ദോശ കിട്ടിക്കൊണ്ടിരുന്നത് ഉമ്മയുടെ വീട്ടില്‍ പോകുന്ന സമയങ്ങളില്‍ ആണ്, ഉമ്മയുടെ വീട്ടില്‍ നിന്നും അല്ല കേട്ടോ, അല്ലെങ്കിലും വീട്ടില്‍ നിന്നും ഉണ്ടാക്കുന്നതിനു ഹോട്ടലില്‍ നിന്നും കഴിക്കുന്ന ദോശയുടെ അത്രയും രുചി കിട്ടാറില്ല. ഉമ്മയുടെ വീട്ടിലേക്ക്  പോകുന്നതിനിടയ്ക്ക് നടുവണ്ണൂര്‍  എന്ന ഒരു കൊച്ചു ടൌണ്‍ ഉണ്ട് അവിടെ  എത്തിയാല്‍  ഉപ്പ ചോദിക്കും "നമുക്ക് എന്തെങ്കിലും കഴിക്കാം അല്ലെ" എന്ന് , അത് കേള്‍ക്കേണ്ട താമസം അപ്പോഴേക്കും ഞാന്‍ വീനസ് ഹോട്ടലില്‍ എത്തിയിട്ടുണ്ടാവും, മെനു ഒന്നും  കൊണ്ട് വരേണ്ട ആവശ്യം എനിക്കുണ്ടാവാറില്ല. പലപ്പോഴും അത് അറിയാവുന്നത് കൊണ്ടാണോ ഉപ്പ അവിടെ എത്തുമ്പോള്‍ നമുക്ക് എന്തെങ്കിലും കഴിക്കാം എന്ന് പറഞ്ഞിരുന്നത് എന്ന് തോന്നുന്നു. ഇത് മാസത്തില്‍ ഒന്നോ രണ്ടോ തവണയേ ഉള്ളൂ കേട്ടോ.

അവിടന്ന് പിന്നെ ഒരു കിലോമീറ്റര്‍ ഉണ്ട് ഉമ്മയുടെ വീട്ടിലെത്താന്‍, സത്യം പറഞ്ഞാല്‍ അവിടെ പോകുക എന്നത് പലപ്പോഴും എന്റെ ലക്ഷ്യമേ അല്ലായിരുന്നു. അവിടെ എത്തിയാലും പിന്നെ പ്രത്യേകിച്ച് ഒന്നും കഴിക്കുവാനുള്ള വിശപ്പ്‌ കാണില്ലായിരുന്നു. പലപ്പോഴും ഞങ്ങള്‍ ആ ഹോട്ടലില്‍ കയറുമ്പോള്‍ ഞങ്ങളുടെ ഒരു അയല്‍വാസി ആയ ഒരു അമ്മയും രണ്ടു ആണ്‍ മക്കളും അവിടെ ഉണ്ടാകുമായിരുന്നു, കാരണം എന്താണെന്നോ അവരുടെ വീട്ടില്‍ നിന്നും നോണ്‍ വെജ് ഫുഡ്‌ ഒന്നും കഴിക്കുന്നത് അവരുടെ മുത്തശ്ശിയ്ക്ക് ഇഷ്ടമല്ലായിരുന്നു എന്നാല്‍ അവര്‍ രണ്ടു പേര്‍ക്കും നോണ്‍ വെജ് വലിയ ഇഷ്ടവും ആയിരുന്നു, മുത്തശ്ശി അറിയാതെ വാങ്ങി കൊടുക്കാന്‍ കൊണ്ട് വരുന്നതായിരുന്നു അവരെ , ആ അമ്മയും നോണ്‍ കഴിക്കാറില്ല.



അതുവരെ ഞാന്‍ കഴിച്ചതില്‍ വെച്ച് നല്ല മസാല ദോശ ആയിരുന്നു വീനസിലേത്. ശ്ശോ !!! അതിനിടക്ക് പറയാതിരിക്കാന്‍ വയ്യ, ബാലുശ്ശേരിയില്‍ റിജന്‍സി ഹോട്ടലില്‍ നിന്നും രണ്ടു തവണ  കഴിച്ചിരുന്നു, ദൈവമേ കുറച്ചു തവണ കൂടെ അവിടെ നിന്നും കഴിച്ചിരുന്നെങ്കില്‍ ഞാന്‍ ഈ ലോകത്ത് ഏറ്റവും  വെറുക്കുന്ന ആഹാരമായേനെ മസാല ദോശ.

ശരിക്കും പറഞ്ഞാല്‍ പ്ലസ്‌ ടു കയിഞ്ഞ ശേഷമാണ് ഞാന്‍ കോഴിക്കോട് സിറ്റിയില്‍ കൂടുതലായി പോയി തുടങ്ങിയത്, അതിനു മുന്പ് വിരലില്‍ എണ്ണാവുന്നത്രയും തവണയെ പോയിട്ടുള്ളൂ. ഡിഗ്രി ദേവഗിരിയില്‍ ആയിരുന്നു, അപ്പോള്‍ മസാല ദോശയെ പ്രണയിക്കാന്‍ അധികം സമയം കിട്ടിയില്ല എന്ന് വേണമെങ്കില്‍ പറയാം, ദിവസേന വീട്ടില്‍ നിന്നും കോളേജിലേക്ക് പത്തുനാല്‍പതു കിലോമീറ്റര്‍ അങ്ങോട്ടും പിന്നെ തിരിച്ചും യാത്ര ചെയ്തു കഴിഞ്ഞാല്‍ പിന്നെ എവിടെ സമയം കാണാന്‍, എന്നാലും ഇടയ്ക്കിടെ കിട്ടുന്ന സമരങ്ങള്‍ ആയിരുന്നു ഏക ആശ്വാസം, അപ്പോള്‍ വിടും ശരവണ ഭവനിലേക്ക് . ഡിഗ്രി കഴിഞ്ഞു പിന്നെ വെര്‍ട്ടെക്സില്‍ വര്‍ക്ക്‌ ചെയ്തോണ്ടിരിക്കുമ്പൊഴും ഇടയ്ക്കിടെ എന്റെ ലഞ്ച് ബാലുശ്ശേരി ഗ്രീന്‍ലാന്‍ഡ്‌ ഹോട്ടലിലെ മസാല ദോശ തന്നെ ആയിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും രുചിയുള്ള മസാല ദോശ കഴിച്ചത് കല്‍പ്പറ്റയില്‍ നിന്നും ആണ്. അന്ന് ഞാന്‍ പി.എസ്‌.സി യുടെ  എല്‍ ഡി സി പരീക്ഷ എഴുതാന്‍ വേണ്ടി പോയതായിരുന്നു, കോഴിക്കോട് ജില്ലയിലേക്ക് അപേക്ഷിച്ച എനിക്ക് സെന്റര്‍ കിട്ടിയത് സുല്‍ത്താന്‍ ബത്തേരിയില്‍. ഏതായാലും നന്നായി എന്നെ സംബന്ധിച്ച് വയനാട് എന്നും ഒരു പാഷന്‍ ആയിരുന്നു . പരീക്ഷ കഴിഞ്ഞു വരുമ്പോള്‍ ആണ് കഴിക്കാന്‍ കയറിയത്, മറ്റു പല  സെന്ററുകളില്‍ നിന്നും പരീക്ഷ കഴിഞ്ഞു എന്റെ കൂട്ടുകാരും കല്പറ്റയില്‍ എത്തിയിരുന്നു . ഞങ്ങള്‍ എല്ലാരും കൂടെ ഒരു ഹോട്ടലില്‍ കയറി ( അതിന്റെ പേര് മറന്നു പോയി, പക്ഷെ ബസിനു കാത്തു നിന്നതിനു തൊട്ടു പിറകില്‍ റോട്ടില്‍ നിന്നും സ്റ്റെപ് ഇറങ്ങിയിട്ട് വേണം ആ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്ളോറില്‍ എത്താന്‍ ). അവിടന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോഴും ആര്‍ക്കും ഡിസ്കസ് ചെയ്യാനൊന്നും ഇല്ലായിരുന്നു . എല്ലാരും മസാല ദോശ ഓര്‍ഡര്‍ ചെയ്തു. രുചി കാരണം എല്ലാവരും വീണ്ടും ഓരോന്ന് കൂടെ വാങ്ങി. എല്ലാവര്‍ക്കും വീണ്ടും കിട്ടിയാലും കഴിക്കാം എന്നവിധത്തില്‍ ആയിരുന്നു, പക്ഷെ അന്ന് ഞങ്ങളുടെ ഒക്കെ പോക്കറ്റ്‌ അതിനു അനുവദിച്ചില്ല.

യഥാര്‍ത്ഥത്തില്‍ എന്റെ മസാല ദോശ  പ്രണയത്തിന്റെ സുവര്‍ണ കാലം തുടങ്ങിയത്  തിരുവനന്തപുരം എത്തിയ ശേഷം ആയിരുന്നു. മലബാറില്‍ വെജ് ഹോട്ടല്‍ തെക്കന്‍ കേരളത്തിലേതിനേക്കാള്‍ കുറവാണ്. ടെക്നോപാര്‍കില്‍ ജോലിയില്‍ കയറിയത് മുതല്‍ ഒരു വര്‍ഷവും മൂന്നു മാസവും ഞാന്‍ കഴക്കൂട്ടം  ഗീതാഞ്ജലി ഹോട്ടലിലെ ഒരു സ്ഥിരം കസ്റ്റമര്‍ ആയിരുന്നു. ആഴ്ചയില്‍ കുറഞ്ഞത് അഞ്ച് മസാല ദോശയെങ്കിലും കഴിക്കും , അല്ലാത്ത ദിവസങ്ങളില്‍ ചില്ലി പൊറോട്ട, ചെന്ന ബട്ടൂര അങ്ങിനെ വല്ലതും കഴിക്കും. ഗീതാഞ്ജലി കൂടാതെ കഴക്കൂട്ടത്തും പാളയത്തും സ്റ്റാച്യുവിലും ഉള്ള പല വെജ് ഹോട്ടലില്‍ നിന്നും മാറി മാറി കഴിച്ചിട്ടുണ്ട്.

വീണ്ടും ഐസറില്‍ എത്തിയപ്പോള്‍ കൂട്ടിനു കുറച്ചു പേര്‍ ഉണ്ടായിരുന്നു. മനോജും  ഷിജുവും  , ബെന്നിയും  പിന്നെ ഞാനും പലപ്പോഴും  രാത്രിയിലെ ഭക്ഷണം ശ്രീകാര്യത്തെ ആര്യാസില്‍ നിന്നോ ആനന്ദില്‍ നിന്നോ ആയിരുന്നു കഴിക്കുന്നത്. വിഭവം ഏതെന്നു പ്രത്യേകിച്ച് പറയേണ്ടുന്ന ആവശ്യം ഇല്ലല്ലോ. അലക്സ്‌ ആണ് സെക്രട്ടേറിയറ്റിനു മുന്‍പിലുള്ള വെജ് ഹോട്ടല്‍ പരിചയപ്പെടുത്തി തന്നത്, അവിടത്തെയും ദോശ കൊള്ളാമായിരുന്നു പക്ഷെ അവിടെ നിന്നും കൂടുതലും കഴിച്ചത് അവിടത്തെ സ്പെഷ്യല്‍ വിഭവങ്ങള്‍ ആയിരുന്നു .

എന്നാല്‍ ഇതിലെല്ലാം രസം ഐസറില്‍ എല്ലാ വ്യാഴവും രാത്രി മസാല ദോശ ആയിരുന്നു എന്നതാണ്. അതും ഇരുപതു രൂപയ്ക്ക് എത്രയും കഴിക്കാം. അവിടന്ന് ആദ്യമാദ്യം മൂന്നെണ്ണമായിരുന്നു എന്റെ കപാസിറ്റി, അവിടെ നിന്നും പതിനൊന്നെണ്ണം ഒക്കെ കഴിക്കുന്നവര്‍ ഉണ്ട് എന്നത് കൂടെ ചിന്തിക്കുമ്പോള്‍ ആണ് എന്റെ മൂന്നു എത്ര കുറവാണ് എന്ന് മനസ്സിലാവുക, പതിനൊന്നെണ്ണം എന്നൊക്കെ കേട്ടിട്ടു ചെറിയ ദോശ  ആണെന്നൊന്നും കരുതരുതേ ഇത് നല്ല വലുത് തന്നെയാ, അത്യാവശ്യം നല്ല ടേസ്റ്റും ഉണ്ട്.  ഇരുപതു രൂപയ്ക്കു ഇത്രയൊക്കെ തന്നാല്‍......... !!!  എന്നിട്ടും മൂന്നു നാല് വര്‍ഷം അവര്‍ ആ മെസ്സ് നടത്തിയല്ലോ !! . ഞാനും പതിയെ എന്റെ കപാസിറ്റി മെച്ചപ്പെടുത്തി എഴില്‍ എത്തിച്ചു, പക്ഷെ ഇന്നും എനിക്ക് അത്ഭുതമാണ് അത് ആലോചിക്കുമ്പോള്‍. ദൈവമേ ഞാനും ഏഴു ഒക്കെ...

ഇങ്ങനെ കഴിച്ചത് കൊണ്ടാവും ദൈവം എനിക്കിട്ടു പണി തന്നു. എന്നെ മൊഹാലിയിലേക്ക് നാടുകടത്തി. ദൈവമേ ഇവിടെ വന്ന ശേഷം പിന്നെ അന്വേഷണം ആയിരുന്നു, അതിനിടക്ക് എരി തീയില്‍ എണ്ണ പകരുന്ന രീതിയില്‍ ആയിരുന്നു മഞ്ജുവിന്റെ ഫേസ്ബുക്ക്‌ വാള്‍പോസ്റ്റ്‌, അതും ഒന്നല്ല മൂന്നു മസാല ദോശ...!!! ദൈവമേ !! അത് അന്വേഷണത്തിന്റെ ആക്കം കൂട്ടി, ഒടുവില്‍ ഞാന്‍  കണ്ടെത്തി പക്ഷെ ഞാന്‍ തിരുവനന്തപുരം ഉണ്ടായിരുന്നപ്പോള്‍ കഴിച്ചപോലെ  ആണെങ്കില്‍ എന്റെ ശമ്പളം തികയില്ലായിരുന്നു. ഒരു മസാല ദോശ നൂറ്റിമുപ്പത്തിയഞ്ചു രൂപ, രണ്ടു മൂന്നു കടയില്‍ പോയി അവിടെ എല്ലാം സ്ഥിതി കണക്കായിരുന്നു. ദോശയുടെ കാശുകൂടാതെ യാത്രയ്ക്കായി ചുരുങ്ങിയത് അറുപത് അറുപത്തിയഞ്ചു രൂപ ആകും, ചുരുക്കി പറഞ്ഞാല്‍ ഒരു ദോശ കഴിക്കാന്‍ ഇരുന്നൂറു രൂപ. ഇരുപതു രൂപയ്‌ ക്ക് ഏഴെണ്ണം കഴിച്ച ഞാന്‍ ഇരുന്നൂറു രൂപയ്ക്ക് ഒന്ന് കഴിക്കേണ്ടി വരുന്ന അവസ്ഥ .. ഹാ കഷ്ടം  എന്നല്ലാതെ എന്ത് പറയാന്‍.

പിന്നീട് ഇവിടെ ഉള്ള മലയാളി പിള്ളേരുടെ സഹായത്താല്‍ മസാല ദോശ കിട്ടുന്ന തട്ട്കടകള്‍ ഒന്ന് രണ്ടെണ്ണം കണ്ടെത്തി, വില മുപ്പത്-നാല്പതില്‍ ഒതുക്കാം എന്നാലും യാത്രക്ക് ഒരു മുപ്പതു വേറെയും, അത്രകണ്ട് രുചിയും ഇല്ലായിരുന്നു എന്നാലും അഡ്ജസ്റ്റ് ചെയ്തു. അങ്ങിനെയിരിക്കുമ്പോള്‍ ആണ് എനിക്ക് നടന്നു പോകാവുന്ന ദൂരത്ത്, അതും ഇരുപത് രൂപയ്ക്ക് അത്യാവശ്യം നല്ല രുചി ഉള്ള മസാല ദോശ കിട്ടുന്ന തട്ട് കട കണ്ടെത്താന്‍ സാധിച്ചത് . ദൈവമേ , ആര്‍കിമിഡീസ് യുറേക്കാ എന്നും പറഞ്ഞു ഓടിയ പോലെ ആയിരുന്നു എന്റെ അവസ്ഥ. അവിടെ നിന്നും ഉള്ള കഴിക്കല്‍ ഇന്നും നിര്‍ബാധം തുടരുന്നു, ആഴ്ചയില്‍ ഒന്നിലേക്ക് ഒതുക്കി എന്ന് മാത്രം.

എന്നെ ഇത്രയതികം സ്വാധീനിച്ച ഒരു വിഭവം വേറെ ഇല്ല, സബ് വെയിലെ സാന്‍വിച് ഹാ അതും ഒരു പാഷന്‍ ആണ് എന്നാലും മസാല  ദോശയുമായി താരതമ്യം ചെയ്യുമ്പോള്‍ അത് ഒന്നുമല്ല. ഒരു കാര്യത്തില്‍ നല്ല സന്തോഷമുണ്ട് നമ്മള്‍ ജീവിതകാലത്ത് കഴിചിരിക്കേണ്ട ലോകത്തിലെ ഏറ്റവും നല്ല അമ്പതു വിഭവങ്ങളില്‍ നമ്മുടെ മസാല ദോശയും ഉള്‍പ്പെട്ടല്ലോ.